പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ല

നാം ഇവിടെ വന്നപ്പോൾ, ഈ ലോകം എത്ര ബുദ്ധിഹീനവും സംസ്ക്കാര ശൂന്യവും ആയിരുന്നുവോ, അത്ര തന്നെ ബുദ്ധിവിഹീനവും സംസ്ക്കാര ശൂന്യവും ആയിരിക്കും നാം ഇവിടം  വിടുമ്പോഴും. "പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ല " എന്ന പറച്ചിൽ വെറും നുണ. പണ്ടും ഇങ്ങനെത്തന്നെ  ആയിരുന്നു. ഇന്ന് ഇങ്ങനെയാണ്. നാളെ ഇങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. "ഇന്നലെ" കൾക്കു മാപ്പു സാക്ഷികൾ ഇല്ലാത്തതുകൊണ്ട് ഇവർ പറയുന്നത്‌ ശരിയാകണമെന്നില്ല. അടിസ്ഥാനപരമായി എന്തുമാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളത് ? ഭൗതിക ചുറ്റുപാടുകളിൽ മാറ്റം വന്നപ്പോൾ അന്തരീക്ഷം മാറി എന്നുമാത്രം. അടിസ്ഥാന വാസനകളിൽ എന്തു മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളത് ?

എന്നിട്ടെന്ത്?

Then What? എന്നിട്ടെന്ത്? ഈ ചിന്ത നിങ്ങളുടെ എല്ലാ സംരംഭങ്ങളുടേയും തുടക്കത്തിൽ നിങ്ങളെ ഭരിക്കട്ടെ!. വേണ്ടാത്ത പലതും ഒഴിവാക്കുവാൻ അത് നിങ്ങളെ സഹായിക്കും. ജീവിതത്തിൽ മുന്നോട്ട് പോകുന്തോറും നമ്മുടെ കഴിവുകൾക്ക് പരിമിതികളുണ്ടെന്ന് നാം മനസ്സിലാക്കുന്നു. ജീവിക്കാൻ പഠിക്കുമ്പോഴേക്കും ജീവിതത്തിന്റെ നല്ലൊരു ഭാഗം  പാഴായിപ്പോകുകയും ചെയ്യുന്നു. ജീവിതം അഗാധവും ഗഹനവുമാണ്‌. നിത്യജീവിതത്തിന്റെ അനന്തമായ യാത്ര തുടർന്നുകൊണ്ടിരിക്കും. ജീവിത രഹസ്യങ്ങൾ അറിഞ്ഞവർ ആരുണ്ട്‌. ജീവിതത്തിൽ ഉണ്ടായിട്ടുള്ള തോൽവികളേയും തെറ്റുകളേയും അതോടൊപ്പം ശരിയായും ഉചിതമായും സംഭവിച്ചിട്ടുള്ള കാര്യങ്ങളേയും കുറിച്ചോർക്കുമ്പോൾ കൊടുങ്കാറ്റിനേയും, പേമാരിയേയും ഭയപ്പെടേണ്ടതില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. അവ ഉഗ്രമായി ക്ഷോഭിക്കട്ടെ.! ഗർജ്ജിക്കട്ടെ!! നാം അതിനെ അതിജീവിക്കും. ഏറ്റവും കരുത്തുള്ളതല്ല മാറ്റത്തോട് ഏറ്റവും പ്രതികരണ സജ്ജമായതാണ് അതിജീവിക്കുക. വിഷമാവസ്ഥകൾ കൂടാതെയുള്ള ജീവിതം ജീവിതമല്ല. മനുഷ്യന് യഥാർത്ഥ മഹത്ത്വം കൈവരുന്നത് അവന്റെ പരാജയങ്ങളിൽ നിന്നും അവ്യക്തങ്ങളായ ആശങ്കകളോടുകൂടി എത്തും പിടിയും ഇല്ലാത്ത ലോകത്തിൽ അലഞ്ഞുതിരിയുമ്പോഴാണ്. ദുരിതാനുഭവങ്ങൾ നമ്മുടെ ആത്മവികാസത്തെ സഹായിക്കുന്നു.

ചതുരംഗപ്പലകയാണ് ഈ ലോകം

ചതുരംഗപ്പലകയാണ് ഈ ലോകം. കരുക്കളാണ് പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങൾ. പ്രകൃതിനിയമമെന്ന് പറയുന്നത് ഈ കളിയുടെ നിയമങ്ങളാണ്. മറുവശത്തെ കളിക്കാരൻ നമ്മിൽനിന്ന് മറഞ്ഞിരിക്കുകയാണ്. ഈ കളി സുന്ദരവും നീതിനിഷ്ഠവും ക്ഷമാപൂർവ്വവും ആണെന്ന് നമുക്കറിയാം. മറുവശത്തെ കളിക്കാരൻ ഈ കളിയിൽ ഒരു തെറ്റിന്റെയും നേർക്ക് കണ്ണടയ്ക്കുകയില്ലെന്നും അജ്ഞതയെ ഒരു തരത്തിലും അനുവദിച്ചുതരികയില്ലെന്നും നമുക്കറിയാം. രണ്ടുവട്ടം ആലോചിച്ചിട്ടുമാത്രമേ കരുവിന്റെ നേർക്ക്‌ കൈ നീളേണ്ടു ഇല്ലെങ്കിൽ...........

നാം ഒരിക്കലും ജീവിക്കുന്നില്ല

നീതിലഭിക്കേണ്ടവന് നീതി നിഷേധികാൻ നമ്മേ പ്രേരിപ്പിക്കുന്നതെന്തും ചൂഷണമാണ്‌. ആരുടേയോ നഷ്ടമാണ് നമ്മുടെ നേട്ടം.

*****************

എല്ലാവരുടേയും ആവശ്യത്തിനുവേണ്ടത്ര ഈ ലോകത്തിലുണ്ട്. പക്ഷേ, എല്ലാവരുടേയും അത്യാർത്തിക്ക് വേണ്ടത്ര ഇല്ലന്നേയുള്ളു.

*****************

നാം ഒരിക്കലും ജീവിക്കുന്നില്ല. ജീവിക്കാം എന്ന വിശ്വാസത്തോടെ ജീവിതകാലം ചിലവഴിക്കുകയാണ്. ഓണത്തിനുള്ള ഒരുക്കത്തിലൂടെ ഓണം കടന്നുപോകുന്നു.

*****************

സ്വയം തെറ്റുകാരനാണെന്ന് തോന്നുന്നുണ്ടോ? രക്ഷപ്പെടാൻ ഒരു വഴിയേയുള്ളു. അകാരണമായി മറ്റുള്ളവരോട് ദേഷ്യപ്പെടുക!

*****************

പ്രശ്നങ്ങൾ ഉണ്ടാക്കാൻ നമ്മൾ ഒന്നും ചെയ്യേണ്ടതില്ല. അത് തനിയെ ഉണ്ടായിക്കൊള്ളും. നമ്മൾ നിന്നുകൊടുത്താൽ മതി.

*****************

എല്ലാ തെറ്റിദ്ധാരണകളും മാറ്റണമെന്ന് എന്തിനാണിത്ര വാശി. നല്ല തെറ്റിദ്ധാരണകൾ എന്തിനാണ് മാറ്റുന്നത്. അത് അങ്ങനെ തന്നെ അങ്ങു നിന്നോട്ടെ!

മനസ്സിലാകാത്തത് സമ്മതിക്കുന്നതാണ് ബുദ്ധി

നിയമങ്ങളും ശാസനകളും വർദ്ദിക്കുന്തോറും കള്ളന്മാരും കവർച്ചക്കാരും കൂടിവരും.

*********************

മനുഷ്യർ തെറ്റ് ചെയ്യുന്നത് അത് തെറ്റാണെന്ന് അറിയാതെയൊന്നുമല്ല. അതിൽ നിന്ന് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

*********************

പുനർഗ്രാമം പുനഃക്ഷേത്രം
പുനർവിത്തം പുനർ ധനം
പുനഃ ശുഭാ ശുഭം കർമ്മ
ന ശരീരം പുനഃ പുനഃ

(ഗരുഢ പുരാണം)

സാരം :-

ഗ്രാമം പോയാൽ പിന്നെയും സമ്പാദിക്കാം, ഭൂമിപോയാൽ തിരിച്ചെടുക്കാം. ധനം പോയാൽ പിന്നെയും ശേഖരിക്കാം. അതുപോലെ ശുഭാശുഭ കർമ്മങ്ങളും പിന്നെയും ചെയ്യാവുന്നതാണ്. എന്നാൽ പോയ ശരീരം മാത്രം ഒരിക്കലും തിരിച്ചുവരികയില്ല.

*********************

ജീവിതത്തിന്റെ ആദ്യപകുതിയിൽ അവസരങ്ങൾ കിട്ടാതെ വന്നാൽ കഴിവുകൾ മുരടിച്ചുപോകും. രണ്ടാമത്തെ പകുതിയിൽ കഴിവുകൾ ഇല്ലാത്തതുകൊണ്ട് അവസരങ്ങൾ പാഴായിപോകും.

*********************

മനസ്സിലാകാത്തത് സമ്മതിക്കുന്നതാണ് ബുദ്ധി.

സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് ധീരത കാണിക്കുവാൻ ഏതു കോന്തനും കഴിയും

ലൗമാര്യേജും അഡ്‌ജസ്റ്റ്മെന്റ് മാര്യേജും തമ്മിലുള്ള വ്യത്യാസം വളരെ നേർത്തതാണ്. ആദ്യത്തേത് ആത്മഹത്യ തന്നെ. രണ്ടാമത്തേതോ? ആസൂത്രിതമായ കൊലപാതകവും.

*******************

കരയാനും ഇഴയാനും എളുപ്പമാണ്. ചെറുകിരണങ്ങൾ പോലും എങ്ങും കാണാനില്ലാത്തപ്പോൾ മല്ലിട്ട് മല്ലിട്ട് കയറുക. ഹാ! അതല്ലെ രസം പിടിച്ച കളി. നാം മാമൂലുകൾക്ക് വഴങ്ങാത്തത് ചുറ്റുപാടുകളുടെ സമ്മർദ്ദം കൊണ്ടോ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനുള്ള വെമ്പൽകൊണ്ടോ ആകാം.

*******************

നടന്ന കാര്യങ്ങളെക്കുറിച്ച് കോപിചിട്ടോ വരാനിരിക്കുന്നവയെക്കുറിച്ച് ഭയപ്പെട്ടിട്ടോ കാര്യമില്ല. അന്നന്ന് ഇടപെടുന്നവയെ ബോധപൂർവ്വം കൈകാര്യം ചെയ്യുകയാണ് വേണ്ടത്.

*******************

ആരംഭത്തെ എന്നപോലെ അവസാനത്തേയും ശ്രദ്ധിക്കുക. എന്നാൽ ഒന്നും തകരാറില്ലായ്കയില്ല.

*******************

ശാന്തമായ ഭൂതകാലത്തിന്റെ സിദ്ധാന്തങ്ങൾ പ്രക്ഷുബ്ദമായ് വർത്തമാനകാലത്തിന് അപര്യാപ്തമാണ്.

*******************

സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് ധീരത കാണിക്കുവാൻ ഏതു കോന്തനും കഴിയും.

*******************

പരിരക്ഷിതവും ചിരസ്ഥായിയുമായ ജീവിതത്തിന് ഉതകുന്ന മൂല്യങ്ങൾ അനാഥമായ ജീവിതത്തിന് അപഹാസ്യങ്ങളായി തോന്നും.

ദീപ തത്ത്വങ്ങൾ

ശ്രീകോവിലിലെ ഗർഭഗൃഹത്തിനുമുമ്പിലുള്ള മുഖമണ്ഡലം ഭക്തനെ ബിംബത്തിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു. ഇത് തൂക്കു വിളക്കിന്റെ സ്വർണ്ണപ്രഭയിൽ ആറാടി നിൽക്കുന്ന വിഗ്രഹത്തിന്റെ മുഖസൗന്ദര്യം ആസ്വദിക്കാൻ ഭക്തനെ സഹായിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹത്തിനു മുമ്പിൽ കവരവിളക്ക് വെയ്ക്കാറുണ്ട്‌. മൂന്നു കവരങ്ങൾ മുന്നിലും അയ്യഞ്ചു തിരികൾ വീതം. ഇതിലും ഒരു പ്രതീകാത്മക തത്ത്വം അടങ്ങിയിട്ടുണ്ട്. കവരവിളക്കിലെ മൂന്നു കവരങ്ങൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ഗുണത്രയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അല്ലെങ്കിൽ ഈ ഗുണങ്ങളിൽ നിന്നുള്ള "സൃഷ്ടി സ്ഥിതി സംഹാരങ്ങളെ" സൂചിപ്പിക്കുന്നു. അഞ്ചു തിരി പഞ്ചപ്രാണനേയും പഞ്ചഭൂതങ്ങളേയും സൂചിപ്പിക്കുന്നു. മഹാക്ഷേത്രങ്ങളിൽ അനേകം നിലവിളക്കുകൾ കത്തിച്ചുവെച്ചിരിക്കും. ഇതിലും ഒരു തത്ത്വമുണ്ട്. "കൃഷ്ണോല്ലാസം" എന്ന ഗ്രന്ഥത്തിൽ ഈ നിഗൂഢതത്ത്വം അനാവരണം ചെയ്യുന്നുണ്ട്.

ആറ് സോപാനപ്പടികൾ ഷഡ്ചക്രങ്ങളുടെ പ്രതീകമാണ്. മൂലാധാരത്തിൽ നിന്ന് കുണ്ഡലിനീ ശക്തി ശിരസിലുള്ള സഹസ്രാര പത്മത്തിൽ എത്തുമ്പോൾ അത് ആയിരം ദിവ്യചൈതന്യരശ്മികളായി ഉയരും. സഹസ്രാര പത്മത്തിന് മുകളിൽ 16 ദളങ്ങൾ ഉള്ള ഒരു താമരപ്പൂവ് തലകീഴായി കിടക്കുന്നു. ആയിരം ദിവ്യചൈതന്യരശ്മി ഈ പതിനാറ് ദളങ്ങളിൽ പ്രതിഫലിക്കും. അപ്പോൾ അവ 16000 ആകും. സഹസ്രദളപത്മത്തിനും 26 ഇതളുള്ള തലകീഴായ പത്മത്തിനും ഇടയിലായി ശ്രീകൃഷ്ണ ഭഗവാൻ വിരാജിക്കുന്നു. 16000 രശ്മികൾ ഭഗവാന്റെ ഭാര്യമാരായി സങ്കല്പിക്കുന്നു. കത്തികൊണ്ടിരിക്കുന്ന മാലവിളക്കുകൾ ഷോഡശദള പത്മത്തിന്റെ പ്രതീകമാണ്. കത്തികൊണ്ടിരിക്കുന്ന അനേകം നിലവിളക്കുകൾ സഹസ്രദളപത്മത്തിൽ നിന്നുള്ള ദീപകാന്തിയും.

നിർഗുണ പരബ്രഹ്മത്തെ തേജസ്സായി സങ്കല്പിക്കുന്നതു തന്നെയാണ് ഉചിതം. അഗ്നി ദേവന്മാരുടെ നിവാസസ്ഥാനമായി പണ്ടേ കല്പിച്ചു പോരുന്നു. പുകയുടെ ജടാഭാരവും പേറി കനകാഞ്ചിതജ്വാലയായി ആനന്ദനൃത്തം വെയ്ക്കുന്ന എണ്ണവിളക്കിലെ ദീപനാളം പ്രപഞ്ചത്തിന്റെ സ്പന്ദഹത്തിന്റെ പ്രതീകമായി മാറുന്നു. ശിവക്ഷേത്രത്തിന്റെ ശിവലിംഗത്തിനു പിറകിൽ വിളക്കുവെയ്ക്കാറുണ്ട്‌. ശിവലിംഗത്തിന് മുഖശോഭ എടുത്തു കാണിക്കേണ്ടതില്ല എന്നാൽ ശിവലിംഗത്തിന്റെ രൂപരേഖ എടുത്തു കാണിക്കാൻ ഈ പിൻവിളക്ക് സഹായിക്കും. ക്ഷേത്രത്തിലെ നെയ്‌ വിളക്കിൽ നിന്നുയരുന്ന ധൂമപടലത്തിന് ഔഷധവീര്യമുണ്ട്. സയനസെറ്റിസ് എന്ന തരം വേദന മാറ്റാൻ നെയ്‌വിളക്കിൽ നിന്ന് ഉയരുന്ന ധൂമപടലഗന്ധം ഉത്തമമാണ്.

നിലവിളക്കിൽ അഞ്ചുതിരിയിടണം. ഭദ്രദീപം അഞ്ചുതിരിയാണ്. അഞ്ചുതിരിയും ഒരേ സമയം കാണാൻ കഴിയണം. നാലു ദിക്കിന്റെ നേർക്ക്‌ നാലുതിരി അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് മൂലയ്ക്കു നിന്ന് അല്പം വലത്തുമാറി കിഴക്കോട്ടു ഇടണം. വിളക്കിന്റെ നാരം ജ്വാല മറയ്ക്കരുത്. ഒറ്റതിരി വർജ്ജ്യമാണ്‌. നെയ്‌ വിളക്കാണ് നല്ലത്. ഇല്ലെങ്കിൽ എണ്ണ അതുമില്ലെങ്കിൽ വെളിച്ചെണ്ണ മതി, അതുമതി. മതിയുണ്ടെങ്കിൽ ഇതുംമതി. 

പത്തുമക്കളുടെ തള്ളയാണെങ്കിലും ഉപേക്ഷിക്കണം

വിവാദശീല, സ്വയമർത്ഥചോരിണി,
പരാനുകൂലി പരദൂഷണപ്രിയ
അഗ്രാസനി അന്യഗൃഹപ്രവേശിനി
ഭാര്യാം ത്യജേത് പുത്രദശ പ്രസൂതാം.

സാരം :-

എപ്പോഴും എല്ലാ വിഷയങ്ങളിലും ഭർത്താവുമായി വിവാദത്തിൽ - വാക്കു തർക്കത്തിൽ - ഏർപ്പെടുന്നവൾ, വീട്ടിലെ ധനം സ്വന്തം ധനമാണെന്ന് മനസ്സിലാക്കാതെ അടിച്ചു മാറ്റുന്നവൾ, ഭർത്താവിന്റെയും വീട്ടുകാരുടേയും ശത്രുക്കൾക്ക് അനുകൂലമായി പറയുന്നവർ, എപ്പോഴും മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവൾ, മറ്റുള്ളവരുടെ കുറ്റം കേട്ടു രസിക്കുന്നവൾ, ഭർത്താവോ വീട്ടുകാരോ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് സ്വയം ഭക്ഷണം വിളമ്പികഴിക്കുന്നവൾ (അഗ്രാസനി), എപ്പോഴും അന്യ വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവൾ, ഇപ്രകാരം സ്വഭാവമുള്ള ഭാര്യയെ അവൾ പത്തുമക്കളുടെ തള്ളയാണെങ്കിലും ഉപേക്ഷിക്കണം.

********************

പുരുഷന്റെ ജീവിതത്തിൽ 4 ഘട്ടങ്ങൾ ഉണ്ട്.

1). വിവാഹത്തിനുമുമ്പ്    - സൂപ്പർമാൻ

2). വിവാഹം കഴിഞ്ഞ്     - ജന്റിൽമാൻ

3). വിവാഹം കഴിഞ്ഞ് പത്തു വർഷത്തിനുശേഷം - വാച്ച്മാൻ

4). വിവാഹം കഴിഞ്ഞ് ഇരുപത് വർഷത്തിനുശേഷം - ഡോബർമാൻ

********************

ലോകത്ത് സർവ്വഗുണ സമ്പൂർണ്ണനായ ഒരു കുഞ്ഞുമാത്രമേയുള്ളു. അത് എന്റെ കുഞ്ഞുതന്നെ. അതുപോലെ സകലകലാവല്ലഭയും സർവ്വഗുണ സമ്പൂർണ്ണയുമായ ഒരു ഭാര്യയെ ലോകത്തുള്ളു. കഷ്ടമെന്നുപറയട്ടെ, അത് അയൽവാസിയുടേതായിപ്പോയി.

വിഗ്രഹം കണ്ടില്ലെങ്കിലും വിളക്കു കണ്ടു നമ്മൾ തൊഴാറില്ലേ

പത്മമിട്ട് ഭഗവതി സേവ ചെയ്യുമ്പോൾ ഒരു വലിയ നിലവിളക്കുവെച്ച് അഞ്ച് തിരിയിട്ട് ജ്വലിപ്പിക്കുന്നു. "പഞ്ചദുർഗ്ഗ " എന്ന വേദമന്ത്രം ചൊല്ലി ഓരോ തിരി കത്തിക്കുന്നു. ദീപനാളങ്ങൾ ഭഗവതിയെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് സങ്കല്പം. ദീപം അഥവാ ശുദ്ധപ്രകാശമാണ് ഭഗവതി എന്നു കരുതുന്നു. വിഗ്രഹം കണ്ടില്ലെങ്കിലും വിളക്കു കണ്ടു നമ്മൾ തൊഴാറില്ലേ!!

ഭഗവാന്റെ രൂപം അനന്തമാണ്‌. അത് ഒരു കൊച്ചുബിംബത്തിൽ ഒതുങ്ങി നിൽക്കുന്നതല്ലെങ്കിലും വിഗ്രഹത്തിനു പ്രസക്തിയുണ്ട്. എല്ലായിടത്തുമുള്ള ഈശ്വരൻ ബിംബത്തിൽ പൂർണ്ണമായും ഉണ്ട്. വിശിഷ്ടമന്ത്രങ്ങളെക്കൊണ്ടും അത് അനുഭവവേദ്യമാകുന്നു. ഉപാസകന്റെ ഹൃദയത്തിൽ ഭക്തിയുണ്ടെങ്കിൽ ദേവതയുടെ ഭക്താനുഗ്രഹവ്യഗ്രത ബിംബത്തിൽ നിന്ന് പ്രവഹിക്കും.അനന്തമായ ആനന്ദമാണ് ഭഗവാൻ. അതിനെ പ്രാപിക്കാനുള്ള ലളിതമായ മാർഗ്ഗമാണ് ദീപാലങ്കാരത്തിൽ വിളങ്ങി നിൽക്കുന്ന ദേവവിഗ്രഹദർശനം. ക്ഷേത്രനടയിൽ തൊഴുതു നിൽക്കുമ്പോൾ നാം അറിയുന്നത് ആ ആനന്ദമാണ് ബിംബത്തിന്റെ ഇരുവശത്തുമായി തൂങ്ങികിടക്കുന്ന മാല വിളക്കുകൾ ജ്വലിച്ചു നിൽക്കുമ്പോൾ ബിംബം ചെറുതാണെങ്കിലും അത് വലുതായി വരുന്നതായി നമുക്കു തോന്നും. ഗോളകയോ അങ്കിയൊ ചാർത്തിയിട്ടുണ്ടെങ്കിൽ ഇത് പ്രത്യേകിച്ചും അനുഭവപ്പെടും.

അക്ഷരം വായിക്കാനറിയില്ലെങ്കിൽ കണ്ണട മാറ്റിയിട്ട് എന്താ കാര്യം

അനുകൂലമായ പരിതസ്ഥിതി ഇല്ലായ്കയാലോ, അപേക്ഷിക്കുവാൻ ആളില്ലായ്കയാലോ, ഭാവി ജീവിതത്തെ ബാധിക്കുമെന്ന ഭയം കൊണ്ടോ ചാരിത്ര നിഷ്ഠരായി ജീവിതം തള്ളി നീക്കുന്ന ധാരാളം ആളുകളുണ്ട്. വസ്തുനിഷ്ഠമായി കണക്കെടുക്കുമ്പോൾ ചാരിത്രനിഷ്ഠരുടെ പട്ടികയിൽ ഈ "കയ്യാലപ്പുറത്തെ - തേങ്ങകളെ" പെടുത്താറില്ല. പക്ഷേ, സന്മാർഗ്ഗത്തിന്റെ അപ്പസ്തോലന്മാരായ ഇവരെ ഭൂമിയിൽ എവിടെ ചെന്നാലും കാണാം; ഇഷ്ടം പോലെ!

********************

അറിവുള്ളവർ ദുഷ്ട സ്ത്രീകളിൽ വിശ്വാസം വെയ്ക്കാറില്ല. ഭ്രമത്തിന്റെയും മായയുടേയും പ്രത്യക്ഷ സ്വരൂപങ്ങളായ അവർ ഒരിക്കലും വിശ്വസ്തകൾ അല്ല. അവളുടെ വാക്ക് കാമികൾക്ക് അമൃതരസത്തെനൽകും. പക്ഷേ, ഹൃദയം ക്ഷുരകന്റെ കത്തിപോലെ മൂർച്ചയുള്ളതായിരിക്കും. എല്ലാവരേയും അവൾ സന്ദർഭത്തിനനുസരിച്ച് "പ്രിയൻ" എന്ന് പറയും. പക്ഷേ അവൾക്ക് സത്യത്തിൽ ആരോടും പ്രിയം ഇല്ല. മേഘത്തിന്റെ നിഴൽ, വൈക്കോൽ കത്തിയ തീയ്, നീചന്മാരുടെ സേവ, കനാൽ ജലം, വേശ്യാസംഗമം, കുത്സിതമിത്രം ഇവ ആറും നീർപ്പോളപോലെ ക്ഷണഭംഗുരമാണ്. ഇവയെ അറിവുള്ളവർ വിശ്വസിക്കില്ല.

******************

അക്ഷരം വായിക്കാനറിയില്ലെങ്കിൽ കണ്ണട മാറ്റിയിട്ട് എന്താ കാര്യം!